കാസര്‍ഗോഡ്: ദേശീയതലത്തില്‍ ചര്‍ച്ചയായ കൂടത്തായി കൂട്ടക്കൊല ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയ ആയുധമാകുന്നു. മഞ്ചേശ്വരത്തെ പ്രചാരണത്തിനിടയില്‍ ദേവസ്വം-സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് കൂടത്തായി വച്ച് യുഡിഎഫിന് ആക്രമിച്ചത്. 

കൂടത്തായി കൂട്ടക്കൊലയില്‍ ആദ്യത്തെ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആണെന്നും ഈ മരണങ്ങളെപ്പറ്റി കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ബാക്കിയുള്ള മരണങ്ങള്‍ തടയാന്‍ സാധിക്കുമായിരുന്നുവെന്നും കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ കുടുംബയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കടകംപ്പള്ളി ഇങ്ങനെ പറഞ്ഞത്. 

ശബരിമലയിലെ ഇടതുപക്ഷത്തിന്‍റെ നിലപാട് കൃത്യമായി ജനങ്ങളോട് പറയാന്‍ സാധിച്ചില്ലെന്നും വിശ്വാസ സംരക്ഷകര്‍ അല്ലെന്ന് കരുതി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ തോല്‍പ്പിച്ചെന്നും സത്യത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍ എന്നും കടകംപള്ളി പറഞ്ഞു.