കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കും
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം തീരുമാനം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം നേതൃത്വം കുറ്റപ്പെടുത്തി. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായിയും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ വിമർശനം
കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതുഖനനത്തിൽ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നീക്കമെന്ന് വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയിട്ടും കേരളത്തെ മാത്രം അവഗണിച്ചു. എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നെന്ന വിമർശനവും പിണറായി ഉന്നയിച്ചു. കേരളത്തോടുള്ള ഇത്രയും വലിയ അവഗണനയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിപിഎം ജനറൽ സെക്രട്ടറിയുടെ വിമർശനം
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായാണ് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തിയത്. കേന്ദ്ര ബജറ്റെന്നല്ല, 'സാമ്പത്തിക ചതി' എന്നാണ് വിളിക്കേണ്ടതെന്നാണ് സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഏറ്റവും വലിയ തട്ടിപ്പ് ജി റാം ജി പദ്ധതിയിലാണെന്നും ബേബി ചൂണ്ടിക്കാട്ടി. ജി റാം ജി പദ്ധതിക്കായി 95,000 കോടി രൂപ മാറ്റിവെച്ചത് വലിയ തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 : 40 എന്ന അനുപാതത്തിലുള്ള കേന്ദ്ര - സംസ്ഥാന വിഹിതം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിനെതിരായ അവഗണനയിലും സി പി എം ജനറൽ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. ഏറെ പ്രതീക്ഷിച്ച എയിംസ്, വിഴിഞ്ഞം പദ്ധതികൾക്ക് പണം അനുവദിക്കാതെ ആമ സംരക്ഷണത്തിന് തുക മാറ്റിവെച്ചത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബേബി അഭിപ്രായപ്പെട്ടു. അതേസമയം ബജറ്റിൽ കേരളത്തിന് അവഗണന മാത്രമാണെന്നും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. വലിയ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


