കടമ്മനിട്ട ശാരിക കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം

പത്തനംതിട്ട: കടമ്മനിട്ടയിൽ 17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്നാണ് കോടതി വിധി. കൂടെ ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയൽവാസി സജിൽ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പറഞ്ഞ പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ്, പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രതികരിച്ചു.

2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആൺസുഹൃത്ത് ആക്രമിച്ചത്. അയൽവാസി കൂടിയായ സജിലിന്‍റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജിൽ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്‍റെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22 നാണ് ശാരിക മരിച്ചത്. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു.. കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണക്ക് ശേഷം ശിക്ഷ വിധിച്ചത്.

YouTube video player