കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാൻ വിളിച്ച് പറഞ്ഞുവെന്നും രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.  

കൊല്ലം: കടയ്ക്കലിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്‍റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് റിമാൻറ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാൻ വിളിച്ച് പറഞ്ഞു. രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കി. ഇത് ബഷീര്‍ ചോദ്യം ചെയ്തത് ഷാജഹാനെ ചൊടിപ്പിച്ചു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാൻ പരിസരവാസികൾക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

അതേസമയം ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോാപണം. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ചിതറ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താലും നടത്തി. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം പൂർണ്ണമായും തള്ളിയിരിക്കുകയാണ് കൊല്ലപ്പെട്ട ബഷീറിൻറെ സഹോദരി അഭിസാ ബീവി.