തിരുവനന്തപുരം: ഇന്റർനെറ്റിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേരളാ പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നൊബേൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി. ട്വിറ്റർ പോസ്റ്റിലൂടെയാണ് സത്യാർത്ഥി അഭിനന്ദനവുമായി രം​ഗത്തെത്തിയത്. 

"ദി കേരള പൊലീസ്, നിങ്ങളുടെ ജാഗ്രതയ്ക്കും ഇടപെടലിനുമുള്ള പ്രശസ്തി! ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഒരു ഉണർത്തൽ ആഹ്വാനമായിരിക്കണം"സത്യാർത്ഥി ട്വിറ്ററിൽ കുറിച്ചു. ഓപ്പറേഷൻ പി ഹണ്ടിനെ പറ്റി എൻഡിടിവിയിൽ വന്ന വാർത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലാണ്. സൈറ്റുകൾ കേന്ദ്രീകരിച്ച് വൻ തുകയ്ക്കാണ് നഗ്നചിത്രങ്ങൾ വിൽക്കുന്നതെന്നും ഓപ്പറേഷൻ പി ഹണ്ടിലൂടെ തെളിഞ്ഞു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Read Also:ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്, 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ