Asianet News MalayalamAsianet News Malayalam

കലാഭവൻ മണി ഓര്‍മ്മയായിട്ട് മൂന്നു വര്‍ഷം; മരണത്തില്‍ ഇപ്പോഴും ദുരൂഹത

ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ  അബോധാവസ്ഥയിൽ കണ്ടെത്തിയ കലാഭവൻ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി

Kalabhavan Mani's death mystery continues after 3 years
Author
Chalakudy, First Published Mar 6, 2019, 7:10 AM IST

ചാലക്കുടി: കലാഭവൻ മണി മരിച്ച് മൂന്ന് വര്‍ഷം തികയുമ്പോള്‍ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. 2017 ൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇതുവരെയും കിട്ടിയിട്ടില്ല.

ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ  അബോധാവസ്ഥയിൽ കണ്ടെത്തിയ കലാഭവൻ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യമുന്നയിച്ചത്.

ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി.സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്തെങ്കിലും നിർണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്.

സിനിമരംഗത്തുള്ള സുഹൃത്തുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തു.തുടർന്ന് മരണത്തിന് തൊട്ടുമുൻപുള്ള സമയത്ത് മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫർ ഇടുക്കിയും സാബുമോനും അടക്കമുള്ള 7 സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു.

സത്യം പുറത്തുവരേണ്ടതിനാൽ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ഈ ഏഴുപേരും കോടതിയെയും സിബിഐയേയും അറിയിക്കുകയും ചെയ്തു.ഈ മാസം തന്നെ നുണപരിശോധന നടത്താനാണ് സിബിഐയുടെ തീരുമാനം.എന്നാൽ കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഒന്നും സിബിഐക്ക് ഇതുവരെയും കിട്ടിയിട്ടില്ല. 

നുണപരിശോധന കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെങ്കിൽ സംസ്ഥാന പൊലീസിന്റെ കണ്ടെത്തലിന് സമാനമായി മണിയുടെ മരണം സ്വാഭാവികമെന്ന് എഴുതി അവസാനിപ്പിക്കാനാണ് സിബിഐയുടെ നീക്കം.

Follow Us:
Download App:
  • android
  • ios