Asianet News MalayalamAsianet News Malayalam

കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രി കിടക്കയില്‍

സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മക്കളായ രാഹുലും പ്രവീണും ആശുപത്രിയില്‍ ചികിത്സയിലാണ്

Kalamassery blast; Libna's mother also succumbed, making the death toll five
Author
First Published Nov 11, 2023, 10:52 PM IST

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സ്ഫോടനത്തില്‍ മരിച്ച 12വയസുകാരി ലിബ്നയുടെ അമ്മയാണ് ഇന്ന് രാത്രി മരണത്തിന് കീഴടങ്ങിയ സാലി പ്രദീപന്‍. സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്. 


കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച ഇവരുടെ മകള്‍ 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്ന സ്ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി  ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്കാരം നടത്താൻ തീരുമാനിച്ചത്. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികൾ നൽകിയത്. വികാര നിർഭരമായ യാത്രയയപ്പിനൊടുവിൽ തൃശ്ശൂർ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്നയുടെ മൃതദേഹം സംസ്കാരിച്ചത്. 

സാലിയും മക്കളായ ലിബ്ന, പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ഒന്നിച്ചാണ്  കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണ് മതകൂട്ടായ്മക്കെതിരെ അഭിപ്രായ ഭിന്നതയെ തുടർന്ന് ഡൊമിനിക് മാർട്ടിൽ ഐഇഡി സ്ഫോടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവത്തിൽ നാലു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല. 
 

ചുവന്ന റോസാപ്പൂക്കളർപ്പിച്ച് വിട പറഞ്ഞ് സഹപാഠികൾ, കണ്ണീരടക്കി നാട്, ലിബ്നയ്ക്ക് യാത്രാമൊഴി

Follow Us:
Download App:
  • android
  • ios