കളമശേരിയിലുണ്ടായത് ഉഗ്രസ്ഫോടനം, ഒന്നിലേറെ തവണ; ഹാളിലുണ്ടായിരുന്നത് രണ്ടായിരത്തിലേറെപ്പേർ, ഞെട്ടി സംസ്ഥാനം
സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്.

കൊച്ചി: കളമശ്ശേരിയിൽ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ. ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞു.
ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.
Read More.... കളമശ്ശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രത നിർദേശം, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി
ജനപ്രതിനിധികളും സ്ഥലത്തെത്തുന്നു. ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.