Asianet News MalayalamAsianet News Malayalam

'സിസിടിവി ദൃശ്യത്തിലെ നീല കാര്‍ മാര്‍ട്ടിന്‍റേത് അല്ല, കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിയത് സ്കൂട്ടറില്‍'; പൊലീസ്

സ്ഫോടനം നടത്തുന്നതിനായി രാവിലെ 9.40ഓടെ കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഡൊമിനിക് മാര്‍ട്ടിന്‍ എത്തിയത് സ്കൂട്ടറിലാണെന്നും ഇതേ സ്കൂട്ടറിലാണ് കൃത്യം നടത്തിയശേഷം ഇയാള്‍ തൃശ്ശൂരിലേക്ക് പോയി കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.  

kalamassery blast; 'The blue car in the CCTV footage is not Martin's, he arrived at the convention center on a scooter'; police
Author
First Published Oct 29, 2023, 7:04 PM IST

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് എറണാകുളം കടവന്ത്ര ഇളംകളും സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട നീല കാര്‍ മാര്‍ട്ടിന്‍റേത് അല്ലെന്നും കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മാര്‍ട്ടിന്‍ എത്തിയത് സ്കൂട്ടറിലാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഫോടനം നടത്തുന്നതിനായി രാവിലെ 9.40ഓടെ കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഡൊമിനിക് മാര്‍ട്ടിന്‍ എത്തിയത് സ്കൂട്ടറിലാണെന്നും ഇതേ സ്കൂട്ടറിലാണ് കൃത്യം നടത്തിയശേഷം ഇയാള്‍ തൃശ്ശൂരിലേക്ക് പോയി കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.  കടവന്ത്ര സ്വദേശിയായ ഡൊമിനിക് തമ്മനത്താണ് നിലവില്‍ താമസിക്കുന്നത്.

സ്ഫോടനം നടത്തിയ പ്രതി കാറിലാണ് പോയതന്ന സംശയത്തില്‍ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ നീല കാര്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് നേരത്തെ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. നീല കാറിനെക്കുറിച്ചാണ് വിശദമായി അന്വേഷിച്ചത്. മണലി മുക്ക് ജം​ഗ്ഷനിലെ സൂപ്പർ മാർക്കറിലെ വീഡിയോ ദൃശ്യങ്ങളിലാണ് നീല കാറിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചായിരുന്നു അന്വേഷണം. എന്നാല്‍, സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാല്‍ ഉപയോഗിച്ചിരുന്ന വാഹനം സ്കൂട്ടറാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ കാര്‍ മാര്‍ട്ടിന്‍റേത് അല്ലെന്നും സ്ഥിരീകരിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഐഇഡി സ്ഥാപിച്ചശേഷം സ്റ്റേജിന്‍റെ പിറകുവശത്തുപോയശേഷമാണ് റിമോട്ട് ഉപയോഗിച്ച് ഇയാള്‍ സ്ഫോടനം നടത്തിയത്.

സ്ഫോടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സ്ഫോടനം നടത്തിയതിന് പിന്നാലെ സ്കൂട്ടറില്‍ ഹൈവേയിലെത്തി തൃശ്ശൂര്‍ ഭാഗത്തേക്ക് ഇയാള്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൊടകര പൊലീസ് സ്റ്റേഷനില്‍ സ്കൂട്ടറിലെത്തി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയും ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. തൃശ്ശൂരിലേക്ക് പോകുന്നതിന് മുമ്പായാണ് ഇയാല്‍ ഫേയ്സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്. അതേസമയം, സ്ഫോടക വസ്തു ഉണ്ടാക്കാന്‍ ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള മറ്റുകാര്യങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്‍റര്‍നെറ്റ് വഴിയാണ് സ്ഫോടക വസ്തുവുണ്ടാക്കാന്‍ പരിശീലനം നേടിയതെന്നാണ് ഡൊമിനിക്കിന്‍റെ മൊഴി.
കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച സ്ത്രീയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

'മാര്‍ട്ടിന്‍ വീട്ടില്‍ നിന്നിറങ്ങിയത് പുലര്‍ച്ചെ അഞ്ചിന്'; ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുന്നു

 

Follow Us:
Download App:
  • android
  • ios