Asianet News MalayalamAsianet News Malayalam

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; പ്രതി അനൂപിന് ആറ് വ൪ഷ൦ കഠിന തടവ്, 1,60,000 രൂപ പിഴ

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്...

Kalamassery bus burning case; culprit Anoop was sentenced to six years
Author
Kochi, First Published Jul 20, 2021, 6:43 PM IST

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ എ അനൂപിന് ആറ് വർഷം കഠിന തടവും, 1.6ലക്ഷം രൂപ പിഴയും. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ പറഞ്ഞത്. ഒളിവിലായിരുന്ന വടക്കൻ പറവൂർ സ്വദേശിയായ അനൂപിനെ 2016 ഏപ്രിലിലാണ് എൻഐഎ അറസ്റ്റ് ചെയ്യ്തത്.

അനൂപ് ഒഴികെയുള്ള പ്രതികൾ പല കേസുകളിലായി തടവിൽ തുടരുന്നതിനാൽ വിചാരണ പൂർത്തിയായിട്ടില്ല. കെ എ അനൂപിന്‍രെ വിചാരണ പൂർത്തിയായ ഘട്ടത്തിലാണ് ഇയാളുടെ ശിക്ഷ കോടതി പറഞ്ഞത്. തടിയന്‍റവിട നസീർ, സൂഫിയ മദനി ഉൾപ്പടെ കേസിൽ 13 പ്രതികളുണ്ട്.ഇവരുടെ വിചാരണ തുടരുകയാണെന്ന് എൻഐഎ അറിയിച്ചു. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്‍റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.

2005 സപ്റ്റംബർ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയന്പത്തൂർ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. 

നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെയും കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

മദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താം പ്രതിയാണ്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകള്‍ പിന്നീട് കാണാതായി.

Follow Us:
Download App:
  • android
  • ios