തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സയിൽ അനാസ്ഥയെന്ന പരാതിയിൽ പൊലീസ് ഇന്ന് ഹാരിസിന്റെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുക്കും. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ മരണം സംബന്ധിച്ച്, കളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം സർക്കാർ തലത്തിൽ നടക്കേണ്ട അന്വേഷണം സംബന്ധിച്ച് ഇന്ന് കൂടുതൽ വ്യക്തത വരും. ജൂനിയർ ഡോക്ടർ നജ്മയുടെ ആരോപണം കൂടി കണക്കിലെടുത്ത് മെഡിക്കൽ കോളേജിന് പുറത്ത് നിന്നുള്ളവർ അന്വേഷണം നടത്തണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശ. 

ഇതിനിടെ കളമശേരി മെഡിക്കൽ മോളേജിലെ അനാസ്ഥയിൽ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടെ പോലീസിൽ പരാതി നൽകി.
നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആണ് പരാതി നൽകിയത്. വെന്റിലേറ്ററിലേക്ക് മാറ്റാൻ മണിക്കൂറുകൾ വൈകി എന്നും ഓക്സിജൻ മാസ്ക് ഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും പരാതിയിൽ പറയുന്നു.