കഴിഞ്ഞ വർഷം ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നെന്ന് ഏലൂർ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എൻ ഒ സി നേടാതെയാണ്.
കൊച്ചി : ലിഫ്റ്റ് ഇല്ലാത്തതിനെത്തുടർന്ന് മൃതദേഹം ചുമന്നിറക്കിയ കളമശ്ശേരി മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് അഗ്നിശമന സേനയുടെ എൻ ഒ സി ഇല്ലാതെയെന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം നോട്ടീസ് നൽകിയിട്ടും ആശുപത്രി അധികൃതർ എൻഒസി നേടിയില്ലെന്ന് അഗ്നിശമന സേന വ്യക്തമാക്കി.
ലിഫ്റ്റ് ഇല്ലാത്തതിനെത്തുടർന്ന് കാലടി സ്വദേശിയുടെ മൃതദേഹം ചുമന്നിറക്കിയ സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ മറ്റൊരു അനാസ്ഥ കൂടി പുറത്ത് വരുന്നത്. ദിവസവും ആയിരക്കണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾക്കാണ് ഈ ദുരവസ്ഥ. അഗ്നിരക്ഷാ ഉപകരണങ്ങളുടെ വിന്യാസം, പ്രവർത്തന ക്ഷമത, ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് എൻഒസി നൽകുന്നത്. എൻഒസി നേടണമന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷവും നോട്ടീസ് നൽകിയതായി അഗ്നിശമന സേനാ അധികൃതർ വ്യക്തമാക്കി. നിർദേശം നൽകാൻ മാത്രമേ കഴിയൂവെന്നും തദ്ദേശ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം മെഡിക്കൽ കോളേജ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല. കെട്ടിടങ്ങളുടെ ചുമതല പൊതു മരാമത്ത് വകുപ്പിനാണെന്നും അവരോട്ചോദിക്കണമെന്നുമാണ് മെഡി കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം.
