Asianet News MalayalamAsianet News Malayalam

കളമശ്ശേരി മെഡി. കോളേജിലെ കൊവിഡ് രോഗിയുടെ മരണം; ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭവം സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖകൾ ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോപണങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

kalamassery medical college medical negligence human rights commission ordered investigate
Author
Kochi, First Published Oct 21, 2020, 4:41 PM IST

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികൾ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ റിപ്പോർട്ടും മൂന്നാഴ്ചക്കുള്ളിൽ ലഭിക്കണം. സംഭവം സംബന്ധിച്ച് പുറത്തുവന്ന ശബ്ദരേഖകൾ ശ്രദ്ധയിൽപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോപണങ്ങൾ ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. കേസ് നവംബർ 21 ന് പരിഗണിക്കും. പൊതുപ്രവർത്തകനായ നൗഷാദ് തെക്കേയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. 

അതേസമയം, കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിലുണ്ടായ അനാസ്ഥ പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് ഡിഎംഇ സർക്കാരിനോട് ശുപാർശ ചെയ്തു. ആശുപത്രിക്കെതിരെ നിരവധിപ്പേർ പരാതിയുമായെത്തിയതിന്റെയും  പ്രതിഷേധം ശക്തമാകുന്നതിന്റെയും സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണത്തിന് ശുപാർശ നൽകിയത്. മെഡിക്കൽ കേളേജിന് പുറത്ത് നിന്നുള്ള വിദഗ്ദ്ധരടങ്ങിയ  സംഘം അന്വേഷിച്ചാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ എന്നാണ് ഡിഎംഇ നിലപാട്. 

Follow Us:
Download App:
  • android
  • ios