മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണത്തിൽ കളമശേരിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റിയത്. കോൺഗ്രസ് വക്താവ് രാജു പി നായരുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റി എഫ്ഐആർ ഇട്ടത്. മാനഹാനി വരുത്താൻ വ്യാജരേഖ ഉണ്ടാക്കൽ, വ്യാജമാണെന്ന് അറിഞ്ഞിട്ടും അത് യഥാർത്ഥമാണെന്ന് വരുത്തി കൈവശം വെക്കലും ഉപയോഗിക്കലും, അപകീർത്തിപ്പെടുത്തൽ, വാർത്ത പ്രചരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുവെന്ന ആരോപണത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ആണ് തിരുവനന്തപുരം സൈബർ സെൽ കേസെടുത്തത്. കോൺഗ്രസ് വക്താവ് രാജു പി നായരുടെ പരാതിയിലായിരുന്നു നടപടി. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസെടുത്തതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖ ചമച്ച് ആരോപണം ഉന്നയിച്ചത് ക്രിമനൽ കുറ്റമാണെന്ന് പരാതിക്കാരനായ രാജു പി നായർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നാണ് തൻ്റെ ആവശ്യമെന്നും രാജു പി നായർ വ്യക്തമാക്കിയിട്ടുണ്ട്.

YouTube video player