കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ എസ്എഫ്ഐക്കെതിരെ അധ്യാപികയുടെ പരാതി. എസ്എഫ്ഐക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അധ്യാപികയുടെ പരാതി. കേരള ഗവ.ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനാണ് അധ്യാപിക പരാതി നൽകിയത്. കോളേജിൽ എസ്എഫ്ഐക്കെതിരെ കെഎസ്‍യു പ്രതിഷേധ മാര്‍ച്ച് നടത്തി. 

പഠനം പൂര്‍ത്തിയാക്കിയ എസ്എഫ്ഐ നേതാവിന്‍റെ ഹോസ്റ്റല്‍ മുറി മറ്റൊരു വിദ്യാര്‍ഥിക്ക് അനുവദിച്ചതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. കോളേജ് ഹോസ്റ്റല്‍ കണ്‍വീനറായ അധ്യാപികയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനും മന്ത്രിക്കും എസ്എഫ്ഐ പരാതി നല്‍കി. മുറിയൊഴിപ്പിച്ച അധ്യാപിക മുറിയിലുണ്ടായിരുന്ന റെക്കോര്‍ഡ് ബുക്കുകളും സര്‍ട്ടിഫിക്കറ്റും നശിപ്പിച്ചുവെന്നാണ് എസ്എഫ്ഐയുടെ പരാതി. അധ്യാപികയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായ മന്ത്രി കെ ടി ജലീലിന് എസ്എഫ്ഐ രേഖാമൂലം പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ അധ്യാപികയെ ഹോസ്റ്റല്‍ ഭരണച്ചുമതലയില്‍ നിന്ന് നീക്കി. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു.

എന്നാല്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയുടെ മുറിയാണ് ഭിന്നശേഷിക്കാരനായ മറ്റൊരു കുട്ടിക്ക് അനുവദിച്ചതെന്നാണ് അധ്യാപികയുടെ വാദം. മുറി വൃത്തിയാക്കിയത് കുട്ടിയുടെ ബന്ധുക്കളാണെന്നും ബുക്കുകള്‍ നശിപ്പിച്ചുവെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് അധ്യാപിക പറയുന്നത്. എസ്എഫ്ഐക്കാര്‍ തന്നെ വേട്ടയാടുകയാണെന്നാരോപിച്ച് ഇടത് അനുഭാവിയായ അധ്യാപിക, സര്‍വ്വീസ് സംഘടന നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. എസ്എഫ്ഐക്കാര്‍ തനിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിപ്പെട്ടാണ് അധ്യാപിക സര്‍വ്വീസ് സംഘടനാ നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ അധ്യാപികയുടെ പരാതിയെക്കുറിച്ച് അറിവില്ലെന്നാണ് പ്രിന്‍സിപ്പാളിന്‍റെ നിലപാട്. 

അതേസമയം, അധ്യാപിക പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ ആരോപണം. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യുവും പോളിടെക്നിക് കോളേജില്‍ പ്രകടനം നടത്തി.