Asianet News MalayalamAsianet News Malayalam

17കാരന്റെ ആത്മഹത്യ: മർദ്ദിച്ചെന്ന കുടുംബത്തിന്റെ വാദം തള്ളി കളമശേരി പൊലീസ്, അന്വേഷിക്കുമെന്ന് ഡിസിപി

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടിയെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

kalamassery rejects family allegations over 17yr old suicide DCP promise internal inquiry
Author
Kalamassery, First Published Jan 25, 2021, 1:09 PM IST

കൊച്ചി: കളമശ്ശേരിയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച സംഭവത്തിൽ സ്റ്റേഷനിൽ വെച്ചു മർദ്ദിച്ചെന്ന ബന്ധുക്കളുടെ ആരോപണം തള്ളി കളമശ്ശേരി പൊലീസ്. മറ്റുള്ളവരിൽ നിന്നും അക്രമം ഏൽക്കാതെ ഇവരെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും കളമശേരി പൊലീസ് പറഞ്ഞു. അതേസമയം പോലീസ് മർദ്ദനത്തെ തുടർന്നാണ് ആത്മഹത്യയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വ്യക്തമാക്കി.

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടിയെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വരികയായിരുന്നു. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.

Follow Us:
Download App:
  • android
  • ios