കാലിക്കടവ് എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ ആറ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം ആർസി ഉടമയ്ക്ക് വിട്ടുനൽകി.
കാസർകോട്: കാലിക്കടവ് എംഡിഎംഎ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പടെ ആറ് പ്രതികളുടെ അപേക്ഷയാണ് തള്ളിയത്. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം വിട്ടുനൽകി. ആർസി ഓണറുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാഹനം വിട്ടുനൽകിയത്.
കാറിൽ 139 ഗ്രാം എം ഡി എം എയുമായി കാലിക്കടവിൽ നിന്ന് പിടിയിലായത് പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൽ സലാം, പി എ അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരാണ്. പിന്നാലെ രണ്ട് പ്രതികൾ കൂടി പിടിയിലായി. കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ കാസർകോട് മണ്ഡലം പ്രസിഡൻ്റാണ് പ്രതികൾക്ക് വേണ്ടി നേരത്തെ കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു ദിവസം മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്ത് വിശദീകരിച്ചത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ വാഹന പരിശോധനയ്ക്കിടയിലാണ്, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് സോഷ്യൽ മീഡിയയിൽ സ്വയം അവകാശപ്പെട്ടിരുന്ന മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും എംഡിഎംഎയുമായി പിടിയിലായത്. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങൾ കൂടി പുറത്തു വന്നതോടെ കേസിന് ഏറെ വാർത്താ പ്രാധാന്യം ലഭിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് പൊലീസ് മർദ്ദനമേറ്റവരിൽ ഉൾപ്പെട്ടയാളാണ് മുഹമ്മദ് ഹുസൈൻ എന്നും അന്ന് മുതലാണ് തനിക്ക് പരിചയമെന്നും വി ഡി സതീശൻ പിന്നീട് വിശദീകരിക്കുകയുണ്ടായി.
