Asianet News MalayalamAsianet News Malayalam

കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന് മോചനം; ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി നിർദ്ദേശം, പിഴ ഒഴിവാക്കി

കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന് മോചനം. ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. 

kalluvathukkal hooch tragedy accused manichan released
Author
First Published Oct 19, 2022, 12:32 PM IST

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസില്‍ മണിച്ചന് മോചനം. ഉടൻ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ നിലപാട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പിഴ ഒഴിവാക്കി നല്‍കുകയും ചെയ്തു. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുന്നത്. മാലിനി പൊതുവാൾ ആണ് മണിച്ചൻ്റെ ഭാര്യയുടെ അഭിഭാഷക.

ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു മനുഷ്യന് പിഴ നൽകാൻ പണമില്ലാത്തതിന്റെ പേരിൽ അയാളെ എങ്ങനെ ദീർഘകാലം ജയിലിൽ ഇടാനാകും എന്നാണ് സംസ്ഥാന സർക്കാരിനോട് ചോദിച്ചത്. മണിച്ചന്റെ സഹോദരങ്ങളെ ഈ കേസിൽ  സുപ്രീം കോടതി വിട്ടയച്ചിരുന്നു. എട്ട് ല​ക്ഷം രൂപ പിഴ ഒഴിവാക്കിയാണ് വിട്ടയച്ചത്. കഴിഞ്ഞ 22 വർഷമായി കല്ലുവാതുക്കൽ കേസുമായി ബന്ധപ്പെട്ട് മണിച്ചൻ ജയിലിലാണ്.  

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലാണ്  മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 

മണിച്ചന്റെ മോചനം; പിഴ ഒഴിവാക്കാനാകില്ലെന്ന് കേരളം; തുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളത്

പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് തലസ്ഥാനം നിയന്ത്രിച്ച അബ്കാരിയിലേക്ക്, ആരായിരുന്നു മണിച്ചൻ?

മണിച്ചന്റെ മോചനം: പണം കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ നൽകിയ ഹർജി ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

 

Follow Us:
Download App:
  • android
  • ios