കലയേയും സാഹിത്യത്തേയും എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോട് ഇത്തവണയും അമാന്തിച്ചില്ല. മിക്ക പരിപാടികളിലും സദസ് നിറഞ്ഞ് കാണികളുണ്ടായിരുന്നു.

24 വേദികൾ, ഇരുന്നൂറിലധികം ഇനങ്ങൾ, ചങ്കിടിപ്പോടെ മത്സരാർത്ഥികൾ, സദസ് നിറഞ്ഞ് കാണികൾ, അതിന് പുറമെ സകല സംവിധാനങ്ങളും വളണ്ടിയർമാരും. ഒടുവിൽ അഞ്ച് ദിവസത്തെ കലാമാമാങ്കത്തിന് സമാപനമാവുന്നു. കൊവിഡ് ഇല്ലാതാക്കി കളഞ്ഞ രണ്ട് വർഷത്തെ കടങ്ങളെല്ലാം വീട്ടിക്കൊണ്ട് കലോത്സവം പൊടിപൊടിക്കാൻ കച്ച കെട്ടിത്തന്നെയാണ് മത്സരാർത്ഥികളും സ്കൂളുകളും കോഴിക്കോട്ടേക്ക് എത്തിയത്. 

കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം

മൂന്നിന് രാവിലെ പത്ത് മണിക്കാണ് ഔദ്യോ​ഗികമായി മേളയ്ക്ക് തുടക്കമായത്. തുടർന്ന് ഒന്നാം വേദി അതിരാണിപ്പാടത്ത് മോഹിനിയാട്ടം. ആദ്യ മത്സരാർത്ഥിയായി വേദിയിലെത്തിയത് ചെസ് നമ്പർ 101 സരസ്വതി അന്തർജനം. അപ്പോഴേക്കും മറ്റ് വേദികളിലും പരിപാടികൾക്ക് തുടക്കമായിരുന്നു. 24 വേദികൾക്കും പേര് നൽകിയത് മലയാളത്തിലെ പ്രശസ്തമായ കൃതികളിൽ നിന്നുമുള്ള ദേശനാമങ്ങൾ. അത് അതിരാണിപ്പാടം, ഭൂമി, കൂടല്ലൂർ, തസ്രാക്ക്, ബേപ്പൂർ, നാരകംപുരം, പാണ്ഡവപുരം എന്നിങ്ങനെ നീളുന്നു. 

പ്ലസ് ടുക്കാർക്കായിരുന്നു കലോത്സവത്തിൽ പങ്കെടുക്കാനായതിൽ ഏറ്റവും സന്തോഷം. കൊവിഡ് കാരണം കലോത്സവമെങ്ങാനും ഇല്ലാതെ പോയിരുന്നു എങ്കിൽ സ്കൂൾ കാലത്തെ തങ്ങളുടെ ഏറ്റവും വലിയ മിസ്സിം​ഗ് ആയേനെ അത് എന്നാണ് ചവിട്ടുനാടകത്തിന് വേണ്ടി വയനാട് നിന്നുമെത്തിയ വിദ്യാർത്ഥികളുടെ പ്രതികരണം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും, ശാരീരികമായ അവശതകളും താണ്ടി കലോത്സവവേദിയിൽ മത്സരിക്കാനെത്തിയവർ അനവധി. അവർക്ക് താങ്ങും തണലുമായി മാതാപിതാക്കളും അധ്യാപകരും. 

YouTube video player

ഇത്തവണ ഒന്നാം സ്ഥാനത്തിനും രണ്ടാം സ്ഥാനത്തിനും എല്ലാം പകരമായി ​ഗ്രേഡുകളാണ് എന്ന പ്രത്യേകതയും ഉണ്ടായി. അതുകൊണ്ട് തന്നെ വലിയ കരച്ചിലോ ബഹളങ്ങളോ ഇല്ല. പെൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിനുടക്കം പലതിനും പങ്കെടുത്ത മുഴുവൻ പേർക്കും എ ​ഗ്രേഡ് കിട്ടി. അതോടെ മുഴുവൻ കുട്ടികളും ഹാപ്പി. 

കലയേയും സാഹിത്യത്തേയും എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോട് ഇത്തവണയും അമാന്തിച്ചില്ല. മിക്ക പരിപാടികളിലും സദസ് നിറഞ്ഞ് കാണികളുണ്ടായിരുന്നു. സംഘനൃത്തം, മാർ​ഗംകളി, നാടകം, ചവിട്ടുനാടകം, നാടോടിനൃത്തം, ഒപ്പന തുടങ്ങിയ മത്സരങ്ങൾ നടന്ന വേദികളിൽ സദസിൽ തിങ്ങിനിറഞ്ഞ് ആളുകളുണ്ടായി. ചവിട്ടുനാടകവും ഒപ്പനയുമെല്ലാം കൂടെപ്പാടിയും കയ്യടിച്ചും കാണികൾ സ്വീകരിച്ചു. 

വേദികളിൽ മാത്രമല്ല. കോഴിക്കോടൻ ബീച്ചും തെരുവോരങ്ങളും മിഠായിത്തെരുവുമെല്ലാം കലോത്സവത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. അഞ്ച് ദിനങ്ങളും കഴിഞ്ഞ് കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ കലാകിരീടം ചൂടുന്നത് ആതിഥേയരായ കോഴിക്കോട് തന്നെ. ഏതായാലും വയറും മനസും നിറഞ്ഞാണ് പലരും കോഴിക്കോട് നിന്നും മടങ്ങുന്നത് എന്നത് സത്യം തന്നെ.