ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. 

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഉണ്ടാകും. 

അപകടത്തിനിടയാക്കിയ താൽക്കാലിക സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷാ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പൊലീസ് ഉത്തരവ് ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്നും 62,000 രൂപ സംഘടകർ അടച്ചിരുന്നതായുമുള്ള ഡിസിപിയുടെ റിപ്പോർട്ട് പ്രതിഭാഗം സമർപ്പിച്ചു. അതേസമയം, സ്റ്റേഡിയത്തിൽ താത്കാലിക നിർമ്മാണത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ സംഘാടകർ ലംഘിച്ചുവെന്നും നിർമ്മാണം അശാസ്ത്രീയമായിരുന്നുവെന്നും റിമാന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലെന്നും ഇത് കാരണം സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നുവെന്നും കുലുക്കം ഉണ്ടായിരുന്നുവെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു. 

പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഡിയം അപകട കേസിലാണ് എം നിഗോഷ് കുമാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചിയിലെ പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് ചൂണ്ടിക്കാണിച്ച് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും. 

നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.

'വെറും 3 മണിക്കൂർ, 120 കമാൻഡോകൾ'; ഇറാന്റെ സിറിയയിലെ അണ്ടർ​ഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം തകർത്ത് ഇസ്രായേൽ

https://www.youtube.com/watch?v=Ko18SgceYX8