'കലോത്സവ സ്വാഗതഗാന വിവാദം ഖേദകരം,പരിപാടിയിൽ രാഷ്ട്രീയം ഇല്ലായിരുന്നു,മന്ത്രി റിയാസ് ആണ് ആദ്യം ഉപഹാരം തന്നത്'
മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് ,96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസിന്‍റെ വിശദീകരണം

കോഴിക്കോട്:കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന രംഗത്ത്. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു , 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ട് .പരിപാടി കഴിഞ്ഞപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം ഉപഹാരം തന്നത്.അപ്പോള് പരാതികൾ ഇല്ലായിരുന്നു
മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം , ഡയറക്ടർ കനകദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ദൃശ്യാവിഷ്ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ.ഡി.എഫ് സർക്കാരും, കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന്പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു.