തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുന്നു. പ്രതീക്ഷയായിരുന്ന പല സ്ഥാനാർത്ഥികളുടെയും പത്രിക തള്ളി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന രവീന്ദ്രന്റെ പത്രിക തള്ളി.
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന രവീന്ദ്രന്റെ പത്രിക തള്ളി. 23-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയായ പ്രഭാകരൻ്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും യുഡിഎഫിന് തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യു ഡി എഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ഫലത്തിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും. എൽസിയെ നിര്‍ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാൻ കാരണം.
പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. രമണി മത്തായിയുടെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ച കണക്ക് നൽകാത്തതിനെ തുടർന്നാണ് തള്ളിയത്.
സി പി എം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർത്ഥി കെ കെ സന്തോഷിന്‍റെ പത്രികയും തള്ളി.സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുടർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡമ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.
മലപ്പുറം വഴിക്കടവ് പഞ്ചായത്ത് നാരോക്കാവ് വാർഡ് എൽഡിഎഫ് സ്ഥാനാർഥി ശിഫ്ന ശിഹാബിൻ്റെ നാമനിർദേശ പത്രിക തള്ളി.തൊഴിലുറപ്പ് പദ്ധതിയിൽ ഓണറേറിയം കൈപറ്റുന്നതായി കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്. മലപ്പുറം വളാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി ധന്യയുടെ നോമിനേഷൻ തള്ളി. ധന്യ ബാബുരാജ് ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ജോലി രാജിവക്കാതെയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ വരണാധികാരിയായ കളക്ടർക്ക് പരാതി നൽകുമെന്ന് സി.പി.എം പ്രതികരിച്ചു.
പത്തനാപുരം ഡിവിഷനിൽ യുഡിഎഫിൽ തർക്കം
കൊല്ലം ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ യു ഡി എഫിൽ തർക്കം. കോൺഗ്രസും - കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരേ സീറ്റിൽ മത്സരിക്കും. പത്തനാപുരം ഡിവിഷൻ വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം നിലപാടെടുത്തതോടെയാണ് തർക്കം തുടങ്ങിയത്. വിനീത് വിജയനാണ് കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർത്ഥി. ആലുവിള ബിജുവിനായി കോൺഗ്രസും രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി പോസ്റ്ററിടിച്ച് ഇരുവിഭാഗവും പ്രചരണം തുടങ്ങിക്കഴിഞ്ഞു.


