പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാ‌ട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ല. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്.

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ നിലപാട് വ്യക്തമാക്കി സ്ഥിരം സമിതി അധ്യക്ഷനും ബിജെപി സ്ഥാനാർഥിയുമായ പി സ്മിതേഷ് രംഗത്തെത്തിയിരുന്നു. പ്രമീള ശശിധരനെ പിന്തുണച്ചാക്കുന്നുവെന്നാണ് പി സ്മിതേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയിൽ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്‌മിതേഷ് വ്യക്തമാക്കി. പക്ഷേ തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റെന്നും ബിജെപി സ്ഥാനാർഥി വിവരിച്ചു. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നിവരെ മാത്രം ഉൾപ്പെടുത്തിയുള്ള സ്ഥാനാർഥി പട്ടികക്കെതിരെ കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിനെതിരെ സ്ഥാനാർഥി കൂടിയായ സ്മിതേഷിന്‍റെയും പരസ്യ പ്രതികരണം.

പ്രമീള ശശിധരൻ പറഞ്ഞത്

ബിജെപി സ്ഥാനാർഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തിയത്. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല. തന്നെ ക്രൂശിച്ചു, ഒറ്റപ്പെടുത്തി. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കിയിരുന്നു.

YouTube video player