കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്‍റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്‍റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ളപ്പോൾ സംസാരിക്കുമെന്നും അക്കാദമി പ്രസിഡന്‍റ് സ്ഥാനം ഉപയോഗിച്ച് തന്‍റെ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യില്ല, സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നു പോകുന്നു എന്ന ധാരണയില്ല. പുതിയ തലമുറയ്ക്ക് ഭാവുകത്വം ഉണ്ടാക്കുക എന്നതാണ് അക്കാദമിയുടെ ചുമതല എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൂടാതെ, ആരെയും മാറ്റിനിർത്തില്ല, സാഹിത്യ അക്കാദമി ഇൻക്ലൂസീവ് ബോഡിയാകും. എഴുത്തുകാരുടെ രാഷ്ട്രീയം നോക്കാതെ എഴുത്തിന്‍റെ രാഷ്ട്രീയം അംഗീകരിച്ച് പ്രവർത്തിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും എന്നാണ് പ്രതീക്ഷ, സർക്കാരിന്‍റെ പിന്തുണയുണ്ടാകും, സാമ്പത്തിക പരിമിതികൾ അതിജീവിച്ച് സാഹിത്യോത്സവം നടത്തും, തൃശ്ശൂരിന് പുറത്തേക്ക് അക്കാദമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. പ്രാദേശിക ഭരണകൂടത്തിന്‍റെ സഹായത്തോടെ സാഹിത്യ സമ്മേളനങ്ങൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.