തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറ‍ങ്ങി പ്രതിഷേധിച്ച സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച  ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ . നിയമ ഭേഗദതി എന്തെന്ന് നോക്കാതെയാണ് പ്രതിഷേധമെന്നായിരുന്നു കുമ്മനത്തിന്‍റെ വിമര്‍ശനം. 

പ്രതിഷേധിച്ചവര്‍ക്ക് നാടിനോടുള്ള കൂറ് വെറും അഭിനയമാണെന്ന കുമ്മനത്തിന്‍റെ വിമര്‍ശനത്തോട് അതി രൂക്ഷമായ പ്രതികരണമാണ് സംവിധായകൻ കമലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങൾ ഈ നാട്ടിലെ പൗരൻമാരാണ് സാറെ , സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ എന്നും കമൽ ചോദിക്കുന്നു.

സിനിമാക്കാരുടെ രാജ്യ സ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്നും കമൽ ചോദിച്ചു. ഇന്ത്യമുഴുവൻ പ്രതിഷേധിക്കുകയാണ്.  കുറെ നാളായി തുടങ്ങിയിട്ട് പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങൾ മറ്റേതെങ്കിലും വേദിയിൽ പോയി പറഞ്ഞാൽ മതിയെന്നും കമൽ പറഞ്ഞു. 

ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ ബിജെപി നേതാക്കൾ റിപ്പോര്‍ട്ട് കാണാം: 

"