ആര്യ എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കണമെന്നും കമൽഹാസൻ പറഞ്ഞു. 

ചെന്നൈ: തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തപ്പെട്ട ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനമെന്ന് കമൽഹാസൻ ട്വിറ്ററില്‍ കുറിച്ചു. ആര്യ എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കണമെന്നും കമൽ അഭിപ്രായപ്പെട്ടു. നേരത്തെ മോഹൻലാൽ ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

Scroll to load tweet…

തിരുവനന്തപുരം കോർപ്പറേഷനെ നയിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തത് ആര്യ രാജേന്ദ്രൻ എന്ന യുവ വനിതാനേതാവിനെയാണ്. രാഷ്ട്രീയ രംഗത്തെ മുൻ പരിചയങ്ങളെല്ലാം മാറ്റിനിർത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി. 

ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്‍സി മാത്‌സ് വിദ്യാർത്ഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ സന്തോഷം എന്നും രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.