തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിൽ  എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിന് ചുറ്റും മാത്രം കറങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സംശയത്തിൻ്റെ നിഴലിൽ സംസ്ഥാന സർക്കാരിനെ നിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമ സമരമാണ്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വർണ്ണക്കടത്ത് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നത്. മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിന് വേണ്ടി ഒളിച്ചുപോയത് ശരിയായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് സർക്കാർ കാറിൽ പോകാമായിരുന്നു. 

സിപിഐ നിർവ്വാഹക സമിതിയൽ മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ വിമർശനം ഉണ്ടായിട്ടില്ല. അത് സംബന്ധിച്ച് വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്.  കേരളത്തിൻ്റെ പൊതു രാഷ്ട്രീയമാണ് ചർച്ച ചെയ്തത്. മുന്നണിയിൽ കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജോസ് പക്ഷം രാഷ്ട്രീയ നിലപാട് പറയുമ്പോൾ സിപിഐ നയം വ്യക്തമാക്കും. എൽഡിഎഫിനെ അടിക്കനുളള വടിയല്ല സിപിഐ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.