Asianet News MalayalamAsianet News Malayalam

'പൊലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല'; ബിനോയ് വിശ്വത്തിനെ പിന്തുണച്ചും കാനം രാജേന്ദ്രൻ

ഗവർണ്ണർ സംസ്ഥാനത്ത് വേണമെന്നില്ലെന്ന് പറഞ്ഞ കാനം, ഒരു വ്യക്തിക്ക് ഡിലിറ്റ് നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർവകലാശാലയാണെന്നും ചൂണ്ടിക്കാട്ടി

Kanam rajendran backs Binoy Viswam and Pinarayi Vijayan
Author
Trivandrum, First Published Jan 3, 2022, 11:50 AM IST

തിരുവനന്തപുരം: പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പൊലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നത്? അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ലെന്ന് കാനം പറഞ്ഞു.

ഇതിനെല്ലാം സർക്കാരിനെ പഴി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും ഇതേ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും കഴിയില്ല. തെറ്റ് കാണുമ്പോൾ നടപടിയെടുക്കുക, തെറ്റ് ചെയ്തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് അനുകൂല പ്രസ്താവനയിൽ ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രൻ ന്യായീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നില്ല. അതാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലാകാനാവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സിപിഎമ്മിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പൊളിറ്റ് ബ്യുറോ അംഗമാണ്. ബിനോയ് വിശ്വം സിപിഐയുടെ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണെന്നും കാനം പറഞ്ഞു. രണ്ട് പേരും രണ്ട് പാർട്ടികളുടെ നിലപാടാണ് പറഞ്ഞത്. ഞങ്ങൾക്ക് രണ്ട് നിലപാടുള്ളത് കൊണ്ടാണ് രണ്ട് പാർട്ടികളായി നിൽക്കുന്നത്.

ഇന്ത്യയിലെ പൊതു രാഷ്ട്രീയ നിലപാടുകളിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണ്. അതിന്റെ വിശദാംശങ്ങളിൽ തർക്കങ്ങളുണ്ടാവും. കെ റെയിലിൽ ആശങ്ക ദുരീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള പ്രവർത്തനം സർക്കാർ നടത്തും. അതുകഴിഞ്ഞിട്ട് അക്കാര്യത്തിൽ കൂടുതൽ പറയാം. 

ഗവർണ്ണർ സംസ്ഥാനത്ത് വേണമെന്നില്ലെന്ന് പറഞ്ഞ കാനം, ഒരു വ്യക്തിക്ക് ഡിലിറ്റ് നൽകണോ എന്ന് തീരുമാനിക്കേണ്ടത് സർവകലാശാലയാണെന്നും ചൂണ്ടിക്കാട്ടി. സർവകലാശാലകൾക്ക് സ്വയംഭരണാവകാശമുണ്ട്. ഒരു തരത്തിലുള്ള ആദരവും ശുപാർശ ചെയ്ത് വാങ്ങേണ്ടതല്ല. കെ റെയിലിൽ സർക്കാർ ആശങ്ക ദൂരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios