പത്തനംതിട്ട: ആർക്കും ഓടി കയറാവുന്ന മുന്നണി അല്ല എൽഡിഎഫ് എന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ബിഡിജെഎസ് നെ ഇടതു മുന്നണിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കാനം  പറഞ്ഞു. നിലവിൽ ഇടതു മുന്നണിയിലേക്ക് ഇല്ലെന്നും രാഷ്ടീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

ബിഡിജെഎസിന്‍റെ കാര്യം ഇടതുമുന്നണി ഇത് വരെ ചർച്ച ചെയ്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. വോട്ട് കച്ചവടം നടത്തുന്നു എന്ന് പറയുന്നത് വോട്ട് കച്ചവടം നടത്താൻ തയ്യാറാണ് എന്ന് അറിയിക്കാൻ വേണ്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍  പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഓരോ പാർട്ടിക്കും അവരുടെ അഭിപ്രായം പറയാമെന്നും കാനം വ്യക്തമാക്കി.

എൻഎസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമെന്ന് കരുതുന്നില്ല.  മുമ്പും  അവർ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. സമുദായ അംഗങ്ങൾക്ക്  അവരുടേതായ  രാഷ്ട്രീയമുണ്ട് . ആ രാഷ്ട്രീയത്തിന് അനുസരിച്ചാണ് അവർ വോട്ട് ചെയ്യാൻ തീരുമാനിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

 ഇടതു നേതാക്കൾ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. മുഖ്യമന്ത്രി കേസിന്‍റെ കാര്യത്തിൽ സഹായിച്ചതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ  മികച്ച പ്രകടനം നടത്തും.  ഇപ്പോൾ അതിനായുള്ള ശ്രമത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞുി.