കൊച്ചി: എൽദോ എബ്രഹാം എംഎൽഎ അടക്കം സിപിഐ നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വീട്ടിലിരുന്ന എംഎൽഎയെ അല്ല സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്ന കാനത്തിന്‍റെ വാക്കുകൾ വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. പൊലീസ് അതിക്രമത്തെ ന്യായീകരിച്ചു എന്ന വിമര്‍ശനത്തിന് പൊലീസ് നടപടിയെ ന്യായീകരിക്കുകയല്ല ചെയ്തതെന്ന് കാനം രാജേന്ദ്രൻ വിശദീകരിച്ചു. 

പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടിൽ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സിപിഐക്കാര്‍ ഒട്ടിച്ചതല്ലെന്നും സിപിഐക്കാര്‍ ആരും അങ്ങനെ ചെയ്യില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു. അതുകൊണ്ടുതന്നെ പോസ്റ്ററുകൾ കാര്യമായി എടുക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം എംഎൽഎയുടെ കൈ തല്ലി ഒടിച്ചിട്ടും പൊലീസ് അതിക്രമത്തെ ന്യായീകരിക്കും വിധം സംസ്ഥാന സെക്രട്ടറി നിലപാടെടുത്തതിൽ എറണാകുളം ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കാനം രാജേന്ദ്രൻ കൂടി പങ്കെടുക്കുന്ന പാര്‍ട്ടിയോഗത്തിൽ ജില്ലാ നേതാക്കൾ ഇക്കാര്യം നേരിട്ടറിയിക്കുമെന്നാണ് വിവരം.