ആലുവ: സിപിഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ കൈയൊടിഞ്ഞ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. ആലുവ മണ്ഡലം സിപിഐ സെക്രട്ടറിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും എല്‍ദോ എബ്രഹാം കാനം രാജേന്ദ്രനോട് പറഞ്ഞു. 

പാര്‍ട്ടി എംഎല്‍എയും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമടക്കമുള്ള നേതാക്കള്‍ക്ക് പൊലീസ് നടപടിയില്‍ മര്‍ദ്ദനമേറ്റിട്ടും കാനം രാജേന്ദ്രന്‍ ശക്തമായി പ്രതിഷേധിക്കാതിരുന്നത് പാര്‍ട്ടി നേതൃത്വത്തിലും അണികള്‍ക്കിടയിലും മുറുമുറുപ്പ് സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് കാനം എല്‍ദോ എബ്രഹാമിനെ നേരില്‍ സന്ദര്‍ശിച്ചത്. 

പൊലീസില്‍ നിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് എല്ലാം കാനത്തിനോട് പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എല്‍ദോ എബ്രഹാം പ്രതികരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് കാനത്തിന് നല്ല ബോധ്യമുണ്ടെന്നും പൊലീസിന് എതിരായ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും  കളക്ടറുടെ റിപ്പോർട്ടും അതിന്മേലുള്ള നടപടിക്കുമായി കാത്തിരിക്കുകയാണെന്നും എല്‍ദോ എബ്രഹാം വ്യക്തമാക്കി.

അതേസമയം പൊലീസ് നടപടിക്ക് ശേഷം ആദ്യമായി ചേര്‍ന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ എറണാകുളത്തുണ്ടായിട്ടും കാനം പങ്കെടുത്തില്ല.  ജില്ലാ എക്സിക്യൂട്ടിവിന്‍റെ എല്ലാ തീരുമാനത്തിനും സംസ്ഥാന നേതൃത്വവും കാനവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വവുമായി യാതൊരു അഭിപ്രായ ഭിന്നതയും ജില്ലാ കമ്മിറ്റിക്കില്ലെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു അറിയിച്ചു.