തിരുവനന്തപുരം: മകന്‍റെ പേരിലുള്ള അഴിമതി ആരോപണം തള്ളി കാനം രാജേന്ദ്രന്‍. എനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നും പെട്ടെന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

കാനം രാജേന്ദ്രന്‍ മകന്‍ സിവില്‍ സപ്ലൈസിലേക്ക് ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുക്കുകയും അതില്‍ വന്‍ അഴിമതി കാണിക്കുകയും ചെയ്തുവെന്നും ഈ അഴിമതി വച്ച് സിപിഎം കാനത്തെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാനത്തിന്‍റെ പ്രതികരണം. 

മകനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചില പത്രങ്ങളില്‍ വരുന്നുണ്ട് എന്നല്ലാതെ എനിക്ക് കൂടുതലായി അറിയില്ല. പാര്‍ട്ടി ഓഫീസിന്‍റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കാനം വ്യക്തമാക്കി. 

എല്‍ദോസ് എബ്രഹാം എംഎല്‍എയെ താന്‍ ഇന്നലെ നേരില്‍ കണ്ടതാണ്. പൊലീസ് മര്‍ദ്ദിച്ചതിന് ഇനി തെളിവിന്‍റെ ആവശ്യമൊന്നുമില്ല. പൊലീസിന്‍റെ റിപ്പോര്‍ട്ട് ഞങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. ഏതൊരു കാര്യത്തില‍ും നടപടിയെടുക്കുന്നതിന് മുന്‍പ് സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് ആവശ്യമാണ്. 

നിലവില്‍ കളക്ടര്‍ അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് വരട്ടെ അതില്‍ എന്ത് നടപടിയുണ്ടാവും എന്നു നോക്കാം. സിപിഎമ്മിന്‍റെ തടവറയിലാണ് കാനം എന്ന് ചിലര്‍ ആരോപിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പറഞ്ഞവരോട് ചോദിക്കണമെന്നും തനിക്ക് അന്നുമിന്നും മാറ്റമില്ലെന്നും കാനം പറഞ്ഞു.