കേരള പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ദില്ലി:തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മുന്‍ പ്രസിഡന്‍റും മുന്‍ സിപിഐ നേതാവുമായ ഭാസുരാംഗന്‍ സുപ്രീം കോടതിയെ സമീപിച്ചു. 
തട്ടിപ്പിൽ കേരള പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയില്‍ ഭാസുരാംഗന്‍ ഹര്‍ജി നല്‍കി.നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഭാസുരാംഗൻ.അഭിഭാഷകൻ റോയി എബ്രാഹമാണ് ഭാസുരാംഗന് വേണ്ടി ഹർജി സമർപ്പിച്ചത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎൽഎ കോടതി തള്ളിയിരുന്നു.പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം.

കണ്ടല ബാങ്കിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികൾ വാദിച്ചിരുന്നു. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസിൽ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗൻ കോടതിയില്‍ ആവശ്യപെട്ടത്. എന്നാൽ പ്രതികളുടെ വാദങ്ങൾ കോടതി മുഖവിലക്ക് എടുത്തില്ല.കഴിഞ്ഞ നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്.സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.


കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വീട്ടിൽ ഇ‍ഡി പരിശോധന

Asianet News Live | Malayalam News Live | Election 2024 | Latest News Updates | #Asianetnews