കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പിടിമുറുക്കി ഇഡി; സിപിഐ നേതാവ് ഭാസുരാംഗനും മകനും വീണ്ടും സമൻസ്
നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻ്റുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇഡി സമൻസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു.
കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.