ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്ന് കനയ്യ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് (CPI) വിരോധമില്ലെന്ന് കനയ്യ കുമാർ (Kanhaiya Kumar). ആരെയും ആക്ഷേപിക്കാനില്ല. ''തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോ​ഗ്യതകളെല്ലാം സിപിഐ തന്നതാണ്''. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ(CONGRESS) ചേർന്നതെന്നും കനയ്യ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കനയ്യയുടെ തീരുമാനം തിരിച്ചടിയാകും; സിപിഐയിൽ ഒരു വിഭാഗത്തിന് അതൃപ്തി, നേതൃത്വത്തിന് വിമർശനം?

കഴിഞ്ഞ ദിവസമാണ് സിപിഐയുടെ തീപ്പൊരി നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത്. ജിഗ്നേഷ് മേവാനി എംഎല്‍എയും കോൺഗ്രസിൽ ചേർന്നെങ്കിലും ഔദ്യോഗിക പ്രവേശം പിന്നീടാണ്. രാഹുല്‍ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെ ഭഗത് സിംഗ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പം യാത്ര തുടങ്ങിയത്. എഐസിസി ആസ്ഥാനത്ത് രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ കനയ്യ, വാര്‍ത്ത സമ്മേളനത്തിലെവിടെയും സിപിഐയെ കടന്നാനാക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് അന്നും പ്രതികരിച്ചത്.