ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരികയാണ്

ദില്ലി: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാർ കോൺ​ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച. കോൺ​ഗ്രസ് പ്രവേശനവും ചർച്ചയായതായാണ് വിവരം. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാർ വ്യക്തമാക്കി.

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസും ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകും.

2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. 

ഇതിനിടെ ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരികയാണ്. നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona