കടൽഭിത്തി ഇല്ലാത്ത കണ്ണമാലി പ്രദേശത്താണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്
കൊച്ചി: ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശങ്ങളിൽ കടലാക്രമണം അതിരൂക്ഷം. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂർത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. ചെല്ലാനം പുത്തൻതോട് ബീച്ച് വരെ 7.35 കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി ഉള്ളതിനാൽ ജനവാസ മേഖല സുരക്ഷിതമാണ്. കടൽഭിത്തി ഇല്ലാത്ത കണ്ണമാലി പ്രദേശത്താണ് രൂക്ഷമായ കടലാക്രമണം നേരിടുന്നത്. കാലവർഷം ശക്തമായതോടെ തുടർച്ചയായി എറണാകുളത്ത് മഴ പെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് കണ്ണമാലിയിൽ കടലാക്രമണം രൂക്ഷമായത്.
അതിനിടെ കനത്ത മഴയെ തുടർന്ന് കോട്ടയം കൊടുങ്ങൂർ നരിപ്പറ രുദ്രഭയങ്കരി ക്ഷേത്രത്തിനു സമീപം വർഷങ്ങളോളം പഴക്കമുള്ള വൻമരം കടപുഴകി. കരിനിലത്ത് കിഴക്കേപുരയിൽ കെകെ തങ്കപ്പന്റെ വീട്ടിനു മുകളിലേക്കാണ് മരം വീണത്. വീട് ഭാഗികമായി തകർന്നു. എന്നാൽ ആർക്കും അപായത്തിൽ പരിക്കേറ്റിട്ടില്ല.
കോട്ടയം ഏറ്റുമാനൂരിൽ എം സി റോഡിൽ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മഴയെ തുടർന്ന് നനഞ്ഞ കിടന്നിരുന്ന റോഡിൽ ബ്രേക്ക് കിട്ടാതെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കോട്ടയം ജില്ലയിൽ മൂന്ന് ദിവസത്തേക്ക് ഖനനം നിരോധിച്ച് ഉത്തരവിറക്കി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതുമാണ് കാരണം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് (ജൂലൈ ആറ് വരെ) ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഉത്തരവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം....

