തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഐഎഎസ് പദവി രാജി വച്ച കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം രണ്ട് ദിവസമായി ഉയരുന്ന പ്രചാരണങ്ങള്‍ക്ക് വിരാമമിട്ടത്.

'സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് സ്കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ. അതുപോലെയാണ് വട്ടിയൂര്‍ക്കാവിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം'- കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. 

പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് കണ്ണന്‍ ഗോപിനാഥന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി രാജി വച്ചത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കണ്ണന്‍ ഗോപിനാഥന്‍റെ പേരും പരിഗണിക്കുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.