പെട്രോള്‍ പമ്പിന് അപേക്ഷയിലെ ബെനാമി ഇടപാട് ആരോപണത്തിൽ പൊലീസ് അന്വേഷണം. പ്രശാന്തിന്‍റെ ഭാര്യാ സഹോദരൻ രജീഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കണ്ണൂര്‍:കണ്ണൂർ എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച പ്രാശാന്തിന്‍റെ പെട്രോൾ ബങ്ക് പദ്ധതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പെട്രോൾ പങ്കിന് പിറകിലെ ബെനാമി ഇടപാടുകളെ കുറിച്ചാണ് അന്വേഷണം. ഇതിന്‍റെ ഭാഗമായി പ്രശാന്തിന്‍റെ ഭാര്യാ സഹോദരൻ രജീഷിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാജീഷിന്‍റെ ഉടമസ്തതയിൽ കാസർകോട് പെട്രോൾ ബങ്ക് ഉണ്ട്. ഇയാളാണ് പ്രശാന്തിനെക്കൊണ്ട് ചെങ്ങളായിയിൽ പെട്രോൾ ബങ്കിന് അപേക്ഷിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
രജീഷിനെ കൂടാതെ കണ്ണൂരിലെ മറ്റു ചിലരും പദ്ധതിയിൽ ബെനാമി പണം ഇറക്കിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്. പരിയാരം മെഡിക്കൽ ഇലക്ട്രിക്കൽ ഹെൽപ്പറായ പ്രശാന്തിന് പെട്രോൾ ബങ്ക് തുടങ്ങാനുള്ള പണം എങ്ങനെ ലഭിച്ചു എന്നതിലാണ് അന്വേഷണം. പ്രശാന്തിന്‍റെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് രജീഷിന്‍റെ മൊഴി എടുത്തത്. പെട്രോൾ ബങ്കിന് പിറകിൽ ബെനാമി ഇടപാട് ഉണ്ടെന്നും, ഇതിൽ പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം കോടതിയിൽ ആവശ്യപെട്ടിരുന്നു.
അതേസമയം, എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.
സർവീസിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്‍റെ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.
ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സിപിഎം; തരംതാഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾ ചർച്ചയിൽ; ബുധനാഴ്ച തീരുമാനമുണ്ടാകും

