ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. 

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രം​ഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കളക്ടറേറ്റിലെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷമാണ് എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം. നവീൻ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവർത്തകരുടെ സാക്ഷ്യപ്പെടുത്തൽ. പത്തനംതിട്ടയിൽ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീൻ. അവിടേക്കാണ് ചേതനയറ്റ ശരീരമായി അദ്ദേഹം മടങ്ങിയെത്തിയത്. പത്തനംതിട്ടയിലെ പാർട്ടി കുടുംബമാണ് നവീന്റേത്. പത്തനംതിട്ടയിലെ പാർട്ടി തന്നെ അദ്ദേഹം ഒരിക്കലും അഴിമതിക്കാരനായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിരമിക്കാൻ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ആ​ഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്. 

19ാംവയസിൽ എൽഡി ക്ലാർക്കായിട്ടാണ് നവീൻ ബാബു സർവീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാൾ. നവീനെക്കുറിച്ച് എല്ലാവർക്കും പറയാൻ നല്ലത് മാത്രം. പത്തനംതിട്ട മുൻ കളക്ടർ പി ബി നൂഹ് നവീൻ ബാബുവിനെ അനുസ്മരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിലും മികച്ച യാത്രയയപ്പ് താങ്കൾ അർ​ഹിച്ചിരുന്നു എന്നായിരുന്നു നൂഹിന്റെ വാക്കുകൾ.

നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് കളക്ടറേറ്റിലെക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് 2 മണിക്കാണ്. 11 മണിയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കും. അവശേഷിക്കുന്ന ആളുകള്‍ക്ക് അവിടെ പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്. 

Asianet News Live |P Sarin| Rahul Mamkootathil| Naveen Babu | Bye - Election | Malayalam News Live