കണ്ണൂർ: ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ മേയർക്കെതിരെയും പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് നീക്കം. മേയർ തുടരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. യു ഡി എഫിന് ഇപ്പോൾ ഭൂരിപക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിൽ ഡെപൂട്ടി മേയർക്കെതിരായ എല്‍ഡിഎഫ് അവിശ്വാസം പാസ്സായിരുന്നു. ലീഗ് അംഗം കെപിഎ സലീമിന്റ പിന്തുണയോടെയാണ്, പികെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസ്സായത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

നേരത്തെ എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പികെ രാഗേഷ് ആറ് മാസം മുമ്പാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചു. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്.

അവിശ്വാസ പ്രമേയത്തില്‍ ലീഗ്-കോൺഗ്രസ്  നേതൃത്വങ്ങൾക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് പുറത്താക്കപ്പെട്ട പികെ രാഗേഷ് പ്രതികരിച്ചു. അതേസമയം കൂറു മാറി വോട്ട് ചെയ്ത കെ.പി സലീമിനെ ലീഗ് പുറത്താക്കി. സലീമിനെ വാഗ്ദാനം നൽകി കൂറ് മാറ്റിയതാണെന്ന് കെപിഎ മജീദ് പറഞ്ഞു. മൂന്ന് ദിവസമായി സിപിഎമ്മിന്റെ തടങ്കലിലായിരുന്നു സലീമെന്നും മജീദ് ആരോപിച്ചു. 

എന്നാല്‍ പികെ രാഗേഷിനോടുള്ള ഭിന്നതയുടെ ഭാഗമായാണ് എല്‍ഡിഫ് അവിശ്വാസത്തെ പിന്തുണച്ചതെന്നും താന്‍ ഇപ്പോഴും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തന്നെയാണെന്നുമാണ് കൂറുമാറിയ ലീഗ് അംഗം കെപിഎ സലീമിന്‍റെ പ്രതികരണം. അതേ സമയം 55 അംഗ കൗണ്‍സിലില്‍ 27 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. മുസ്ലിം ലീഗ് അംഗത്തിന്‍റെ കൂടി പിന്തുണയോടെ ഡെപ്യൂട്ടി മേയറെ പുറത്താക്കിയതോടെ ഇനി മേയറെ പുറത്താക്കാനാകും എല്‍ഡിഎഫ് ശ്രമിക്കുക.