കണ്ണൂർ: ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാകമ്മിറ്റി അംഗീകരിച്ചു.നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്‍റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത നിലപാടുകളില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, ആന്തൂരിലെ ആത്മഹത്യയെക്കുറിച്ച് 'ദേശാഭിമാനി' പത്രത്തിൽ വന്ന വാ‍ർത്ത അവരുടെ ഉത്തരവാദിത്തമാണെന്നും കോടിയേരി പറഞ്ഞു.

''സിപിഎം സംസ്ഥാന സമിതിയുടെ നിലപാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റി സ്വാഭാവികമായും സംസ്ഥാന കമ്മിറ്റിയുടെ നിലപാട് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും രണ്ട് നിലപാടെന്ന കീഴ്‍വഴക്കം സിപിഎമ്മിനില്ല. സാജന്‍റെ കുടുംബത്തിന്‍റെയും പ്രശ്നത്തിന്‍റെയും കൂടെയാണ് സർക്കാരും പാർട്ടിയും നില നിന്നത്. ആന്തൂർ നഗരസഭാധ്യക്ഷയ്ക്ക് എതിരായ വികാരത്തെ പാർട്ടിക്കെതിരായ വികാരമായി നിലനിർത്താൻ ശ്രമം കോൺഗ്രസും ബിജെപിയും ശ്രമിച്ചിട്ടുണ്ട്. അന്ന് അഭിപ്രായം പറഞ്ഞ സഖാക്കൾ അടക്കം ഇപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനൊപ്പമാണ്'', കോടിയേരി പറഞ്ഞു.