Asianet News MalayalamAsianet News Malayalam

കൈപ്പത്തി ചിഹ്നം ഡിസിസി സ്ഥാനാർത്ഥിക്ക്, ഒടുവിൽ ഇരിക്കൂറിലെ കെപിസിസി സ്ഥാനാർത്ഥി പിൻമാറി

കണ്ണൂർ കോർപ്പറേഷനിൽ വിമതൻമാരായി മത്സരിക്കുന്ന മൂന്നുപേർക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു.

kannur dcc and kpcc conflict about candidates
Author
Kannur, First Published Nov 26, 2020, 9:21 PM IST

കണ്ണൂർ: കോൺഗ്രസിന് തലവേദനയായി മാറിയ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനിൽ കെപിസിസി നിശ്ചയിച്ച സ്ഥാനാർത്ഥി ജോജി ജോസഫ് പിൻമാറി. ഡിസിസി സ്ഥാനാർത്ഥി ജോർജ് ജോസഫ് തോലാനിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതോടെയാണ് പിന്മാറ്റം. കണ്ണൂർ ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷൻ, തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം നിലനിൽക്കുന്നത്. ഇവിടങ്ങളിൽ കെപിസിസിയും ഡിസിസിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രൂപ്പ് തർക്കമാണ് മൂന്നിടത്തും സ്ഥാനാർത്ഥി നിർണയത്തിൽ തടസ്സമായത്. കണ്ണൂർ ഡിസിസിയോട് ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചിട്ടില്ല. ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും ഡിസിസി നേരത്തെ പ്രഖ്യാപിച്ചവർ തന്നെ പാർട്ടി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും കെ സുധാകരൻ എംപി നേരത്തെ പ്രതികരിച്ചിരുന്നു. 

മൂന്നിടത്തും സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് തർക്കമാണ് തടസ്സമായത്. ചർച്ചയ്ക്കൊടുവിൽ മൂന്ന് പേർക്ക് കൈപ്പത്തി ചിഹ്നം നൽകുവാൻ ഡിസിസി തീരുമാനമെടുത്തു. എന്നാൽ മറുവിഭാഗം കെപിസിസിക്ക് നേരിട്ട് പരാതി നൽകി. ഇത് പരിഗണിച്ച കെപിസിസി പരാതിക്കാരെ സ്ഥാനാർഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. 

അതിനിടെ കണ്ണൂർ കോർപ്പറേഷനിൽ വിമതൻമാരായി മത്സരിക്കുന്ന മൂന്നുപേർക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. ചാലാട് അമ്പത്തിനാലാം ഡിവിഷനിലെ സിപി മനോജ് കുമാർ, പള്ളിക്കുന്ന് നാലാം ഡിവിഷനിലെ പ്രേം പ്രകാശ് , തായത്തെരു ഡിവിഷനിലെ എ.പി നൗഫൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios