കണ്ണൂർ: മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് കണ്ണൂർ എ ആർ ക്യാമ്പിലെ ആദിവാസിയായ പൊലീസ് ഉദ്യോഗസ്ഥൻ രാജി നൽകി. കണ്ണവം സ്വദേശിയായ കെ രതീഷാണ് രാജി നൽകിയത്. 

വോട്ട് അട്ടിമറിക്കുന്നതിനായി പൊലീസ് അസോസിയേഷനിൽപ്പെട്ട ഉദ്യോഗസ്ഥർ രതീഷിന്‍റെ പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടിരുന്നെന്നും വിസമ്മതം അറിയിച്ചത് മുതലാണ് മാനസിക പീഡനം രൂക്ഷമാതെന്നുമാണ് രതീഷിന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞത്. കുറിച്യ സമുദായാംഗമായ രതീഷിനെതിരെ ജാതി അധിക്ഷേപമുണ്ടായെന്നും പരാതിയുണ്ട്. പരാതി അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കണ്ണൂർ എസ്പി പ്രതീഷ് കുമാർ ഉത്തരവിട്ടു. അഡീഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.

മാനസിക പീഡന കാരണം ജോലി വേണ്ടേന്ന് വക്കുകയാണെന്ന രതീഷിന്‍റെ കത്ത് കിട്ടിയിട്ടുണെന്ന് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഭീഷണിയോ മാനസിക പീഡനമോ ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സിഐ നവാസിന്‍റെ തിരോധാനം വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോഴാണ് പുതിയ ആരോപണം. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 

Also Read: മേലുദ്യോഗസ്ഥർക്കെതിരെ സിഐ നവാസിന്‍റെ ഭാര്യ: മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം