എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ്. വിമർശനം ഉന്നയിക്കുന്നവർക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്‍ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സർവ്വകലാശാല രക്ഷാ"സംഘ"ക്കാർക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനമെന്നും പ്രിയ വർഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കണ്ണൂർ സർവകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാൻ സിന്‍റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വർഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തത്. തൊട്ട് പിന്നാലെ ഗവർണർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ വിസിയ്ക്ക് സിണ്ടികേറ്റ് നിർദ്ദേശം നൽകി. എന്നാൽ സർവകലാശാലയുടെ എച്ച്ഒഡിയായ ചാൻസലർക്കെതിരെ എങ്ങനെ വിസി കോടതിയെ സമീപിക്കും എന്നതിലായിരുന്നു നിയമ പ്രശ്നം. വിസിയെ നിയമിക്കുന്നത് ചാൻസലറായ ഗവർണറാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഹൈക്കോടതിയെ എങ്ങനെ സമീപിക്കാനാകുമെന്ന് ചോദിച്ചിരുന്നു. ഒടുവിൽ വിസിയ്ക്ക് പകരം റജിസ്ട്രാറിനെ കൊണ്ട് ഹർജി നൽകിക്കാനും സർവകലാശാല ശ്രമിച്ചെങ്കിലും അപ്പീൽ നൽകുന്നതിൽ സ്ന്‍റാന്‍റിംഗ് കൗൺസിലും ചില നിയമ പ്രശ്നം ചൂണ്ടികാട്ടിയിട്ടുണ്ട്.
സർവകലാശാലയ്ക്ക് ലഭിച്ച ഇ മെയിൽ നിയമന നടപടി മരവിപ്പിക്കാൻ ഗവർണര്‍ പറഞ്ഞു എന്നാണുള്ളത്. അത് സ്റ്റേ ഉത്തരവായി പരിഗണിക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്നാണ് തീരുമാനം. അതേസമയം അപ്പീൽ നൽകിയാൽ നേരിടാനാണ് രാജ്ഭവന്‍റെ തീരുമാനം. നിയമനം മരവിപ്പിച്ചതിന് പുറമെ നിയമന പട്ടിക തന്നെ റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണ്ണറുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെ പ്രിയ വർഗീസിനെ ഒഴിവാക്കി അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പ്രസിദ്ധീകരിക്കാൻ നടപടി ആവശ്യപ്പെട്ട് റാങ്ക് പട്ടികയിൽ രണ്ടാ സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി തിങ്കഴാഴ്ച കോടതി പരിഗണിക്കും.
