Asianet News MalayalamAsianet News Malayalam

'സ്ക്രീനിങ് കമ്മറ്റി റിസർച്ച് സ്കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടത്'; പ്രിയയുടെ നിലപാട് തള്ളി ലിസി മാത്യു

സ്ക്രീനിങ് കമ്മറ്റി റിസർച്ച് സ്കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടതെന്ന് പറഞ്ഞ ലിസി മാത്യു, റിസർച്ച് സ്കോർ എന്നത് അപേക്ഷകരുടെ അവകാശവാദം മാത്രമല്ലെന്നും വ്യക്തമാക്കി. 

 kannur university appointment controversy selection committee member rejected priya varghese s fb post
Author
Thiruvananthapuram, First Published Aug 15, 2022, 9:11 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തില്‍ പ്രിയയുടെ നിലപാട് തള്ളി സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യു. സ്ക്രീനിങ് കമ്മറ്റി റിസർച്ച് സ്കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടതെന്ന് പറഞ്ഞ ലിസി മാത്യു, റിസർച്ച് സ്കോർ എന്നത് അപേക്ഷകരുടെ അവകാശവാദം മാത്രമല്ലെന്നും വ്യക്തമാക്കി. പ്രബന്ധങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം ഇല്ല. ഇത് നിലവിലെ പോരായ്മയാണെന്നും ലിസി മാത്യു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ പരിപാടിയിൽ പറഞ്ഞു. എന്തുകൊണ്ടാണ് പ്രിയ വർഗീസ് അങ്ങനെ പോസ്റ്റിട്ടതെന്ന് അവരോട് ചോദിക്കണമെന്നും ലിസി മാത്യു കൂട്ടിച്ചേര്‍ത്തു. 

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി പ്രിയ വർഗീസിട്ട ഫേസ്ബുക്ക് പോസ്റ്റിലെ വാദങ്ങളാണ് സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യു തള്ളിയത്. കൂടുതൽ റിസർച്ച് സ്കോ‍ർ ഉള്ളയാൾക്ക് നിയമനം കിട്ടിയില്ല എന്ന വിവരാവകാശ രേഖ കണക്കിലെ കളിയാണെന്നായിരുന്നു പ്രിയ വര്‍ഗീസിന്‍റെ വാദം. റിസർച്ച് സ്കോർ എന്നത് അപേക്ഷകന്‍റെ അവകാശവാദം മാത്രമാണെന്നും യൂണിവേഴ്സിറ്റി പരിശോധിച്ച് ഉറപ്പിക്കാത്ത കാര്യമാണെന്നുമാണ് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം പ്രിയയുടെ ഈ വാദങ്ങൾ തെറ്റാണെന്ന് യൂണിവേഴ്സിറ്റി നടപടി ക്രമം പരിശോധിച്ചാൽ ബോധ്യമാകും. ഇത് തന്നെയാണ് സെലക്ഷൻ കമ്മറ്റി അംഗം ലിസി മാത്യുവും വ്യക്തമാക്കുന്നത്. റിസർച്ച് സ്കോർ എന്നത് അപേക്ഷകരുടെ അവകാശവാദം മാത്രമല്ലെന്നും സ്ക്രീനിങ് കമ്മറ്റി റിസർച്ച് സ്കോർ പരിശോധിച്ചാണ് ചുരുക്കപ്പട്ടിക ഇട്ടതെന്നും ലിസി മാത്യു വ്യക്തമാക്കി. 

Also Read:  'കമ്മ്യൂണിസ്റ്റ്‌കാരന്റെ പങ്കാളിയായതിനാൽ സോഷ്യൽഓഡിറ്റിനെ ഭയന്നാണ് ജീവിക്കുന്നത്'; പ്രതികരിച്ച് പ്രിയാ വർ​ഗീസ്

റിസർച്ച് സ്കോര്‍ 65 1ഉള്ള ജോസഫ് സ്കറിയയേയും 645 ഉള്ള സി ഗണേഷിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുളള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഇന്നലെ പുറത്തുവന്നത്. ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് ഭാര്യ പ്രിയ വർഗ്ഗീസ് ഇന്ന് രംഗത്തെത്തിയത്. ഉദ്യോഗാർത്ഥികൾ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട് സമർപ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങളൾക്ക് കിട്ടുന്ന പോയിന്റാണ് റിസർച്ച് സ്കോർ എന്നും ഇത് സർവകലാശാല പരിശോധിച്ച് അംഗീകരിച്ച കാര്യം അല്ല എന്നുമാണ് പോസ്റ്റിലെ വാദം. പക്ഷെ പ്രിയയുടെ ഈ വാദം തെറ്റെന്ന് സർവ്വകലാശാല നടപടിക്രമം നോക്കിയാൽ വ്യക്തമാണ്. പത്ത് അപേക്ഷകർ നൽകിയ ഗവേഷണ പ്രബന്ധങ്ങൾ ഉൾപെടെയുള്ള എല്ലാ രേഖകളും പ്രൊ വൈസ് ചാൻസിലർ സാബു എ ഹമീദ് അധ്യക്ഷനായ സ്ക്രീനിങ്ങ് കമ്മറ്റി പരിശോധിച്ചിരുന്നു. നാല് പേരെ ഒഴിവാക്കി ആറ് പേരെ ഇന്‍റർവ്യുവിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപെടുത്തുകയും ചെയ്തിരുന്നു.  

Also Read: 'റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല'; വിശദീകരണവുമായി കണ്ണൂർ സർവകലാശാല

Follow Us:
Download App:
  • android
  • ios