ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം.
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി കേരളത്തിലെ മുസ്ലീം സമുദായത്തിന് വേദനയും നിരാശയും ഉണ്ടാക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം പറഞ്ഞു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി പറയുന്നു. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ കൈവശമുളള ഏറ്റവും പുതിയ സെൻസസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അർഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീംന്യൂന പക്ഷങ്ങൾക്ക് മാത്രമായി കേരളത്തിലെ ഇടത് വലത് സർക്കാരുകൾ നൽകുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
