'രാഷ്ട്രീയം മറന്നു കൊണ്ട് എല്ലാവരും ഒരുമിച്ചു നിക്കണം. കോൺഗ്രസ്, ലീഗ് അടക്കം എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം'
കോഴിക്കോട് : ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പ് കുറയ്ക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് പോകും. എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയം മറന്നു കൊണ്ട് എല്ലാവരും ഒരുമിച്ചു നിക്കണം. കോൺഗ്രസ്, ലീഗ് അടക്കം എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണം. കേരളത്തിൽ ഇങ്ങനെ ഭിന്നിച്ച് നിൽക്കരുതെന്നും ബഹളം ഉണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷൻ എന്നിവർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നുമാണ് കത്തിലെ ആവശ്യം.
സിപിഎമ്മിന്റെ ഏക സിവിൽ കോഡ് ചൂണ്ടയിൽ കുരുങ്ങാതെ ലീഗ്, യുഡിഎഫിലെ ആശയക്കുഴപ്പം ഗുണമെന്ന് പ്രതീക്ഷ
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
'ബഹുസംസ്കാരവും വൈവിധ്യവുമാണ് ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രധാന സവിശേഷത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസങ്ങൾ, ആചാരങ്ങൾ, ജനന-മരണ-വിവാഹ കർമങ്ങൾ, അനന്തരാവാകാശ നിയമങ്ങൾ എന്നിവയെല്ലാം ഏറെ വ്യത്യസ്തമാണ്. ഈ സാംസ്കാരിക വൈവിധ്യം നിലനിൽക്കെ തന്നെയാണ് ഇന്ത്യ വളർന്നതും ലോക രാജ്യങ്ങൾക്കിടയിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയതും. നമ്മുടെ രാജ്യത്തെ പൗരന്മാർ പിന്തുടരുന്ന സംസ്കാരങ്ങളും വിശ്വാസങ്ങളും ഏതെങ്കിലും ലക്ഷ്യം നേടുന്നതിനോ ശാസ്ത്ര സാങ്കേതിക പുരോഗതി നേടുന്നതിനോ തടസ്സം നിൽക്കുന്നില്ല. മതേതര ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഭൂരിപക്ഷങ്ങളുടേതിന് തുല്യമായി പരിഗണിക്കപ്പെടണം. ഇന്ന് നാം കാണുന്ന ഇന്ത്യൻ സംസ്കാരം എല്ലാ വിഭാഗങ്ങളുടെയും തനത് മൂല്യങ്ങളിൽ നിന്ന് ഉരുതിരിഞ്ഞ് വന്നതാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ അറിഞ്ഞുതന്നെയാണ് ഭരണഘടനാ നിർമാതാക്കൾ രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന വിധം മൗലികാവകാശങ്ങൾ ചിട്ടപ്പെടുത്തിയത്. അത്തരം അവകാശങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന വിധം നിയമനിർമാണങ്ങൾ ഉണ്ടാവുന്നത് ആശങ്കാജനകമാണ്. വിശ്വാസികളുടെ രീതികളും ചര്യകളും തനത് രൂപത്തിൽ തന്നെ പിന്തുടരാനുള്ള അവകാശം എക്കാലത്തും നിലനിൽക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് കൂടുതൽ സൗന്ദര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ മതവിശ്വാസികളും പവിത്രമായി കാണുന്ന പാരമ്പര്യ രീതികൾ പിന്തുടരാൻ അവകാശമുണ്ടാവണം.
വ്യക്തിനിയമങ്ങളിൽ പോരായ്മകളോ മറ്റോ സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിൽ അതത് മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. അതല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ വ്യക്തിനിയമങ്ങളെ സമൂഹത്തിന് മുന്നിൽ ചർച്ചക്കിടുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. വിവിധ ഗോത്ര വിഭാഗങ്ങൾ ഏകീകൃത സിവിൽ കോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഇത്തരം വിഭാഗങ്ങളുടെ ആശങ്കകൾ മുന്നിൽകണ്ട് നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
