കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നതായി കാന്തപുരം എപി അബൂബക്കര്‍ മു‍സ്‍ലിയാര്‍. ഭിന്നിച്ചു നിന്നവരെ ഈ കാര്യത്തില്‍ ഒരുമിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി മര്‍ക്കസ് സമ്മേളനത്തിന്‍റെ സംസ്ഥാനതല പ്രചാരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കാന്തപുരം വ്യക്തമാക്കി. 

ഇന്ത്യയില്‍ എല്ലാ മതക്കാര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. മുസ്ലീംങ്ങൾ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് അർക്കെങ്കിലും തെളിയിക്കാൻ കഴിയുമോ ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എല്ലാവരെയും പോലെ പങ്കാളികളായവരാണ് മുസ്‍ലീങ്ങളും. മതവും ജാതിയും നോക്കാതെ പൗരത്വം നൽകുമെന്ന് പറയാൻ എന്ത് കൊണ്ട് കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. നിയമം കൈയ്യിലെടുക്കാതെ തന്നെ പൗരത്വ ദേദഗതിക്കെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും കാന്തപുരം വ്യക്തമാക്കി. 

അതേസമയം പൗരത്വ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എസ്ഡിപിഐ രംഗത്തു വന്നു. പൗരത്വ നിയമത്തിനെതിരെയുള്ള കൂട്ടായ പ്രതിഷേധം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പൗരത്വ നിയമത്തിനെതിരെ എസ്ഡിപിഐ മുന്‍കൈയ്യെടുത്ത് നടത്തിയ ഹര്‍ത്താലിനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സിപിഎം നേരിട്ടെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസന്നമായി മാറിയെന്നും എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു.