കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പൽ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്‌നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം.
കൊച്ചി: കേരളാ തീരത്ത്അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സഹായം തേടി മാരിടൈം ഡയറക്ടറേറ്റ്. കപ്പലിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാൻ നാവികസേനയുടെ സാങ്കേതിക സഹായമാണ് തേടിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. കപ്പൽ അവശിഷ്ടത്തിന്റെ നിലവിലെ അവസ്ഥ, സ്ഥാനം, ഘടനാപരമായ സുരക്ഷിതാവസ്ഥ, ഹാനികരമായ ചരക്കുകൾ അടങ്ങിയ കണ്ടെയ്‌നറുകളുടെ അവസ്ഥ എന്നിവ പരിശോധിക്കണം. അപകടസാധ്യതയും വിലയിരുത്തണം. ഇതിനായി സതേൺ നേവൽ കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്. അപകടം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെയ്നറുകൾ അടക്കം നീക്കം ചെയ്യാനായിട്ടില്ല.
2025 മെയ് 25ന് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ ആണ് ലൈബീരിയൻ പതാകയോട് കൂടിയ എൽസ 3 കപ്പൽ അപകടത്തിൽപെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.
